Monday, June 30, 2008

ഞാനും പോകുന്നു, കുറച്ചാണെങ്കിലും

ഇപ്രാവശ്യം ഞാന്‍ ഒറ്റക്ക്, കൂടെ കയ്യിലുള്ള വിലങ്ങോ, കാലില്‍ കെട്ടിയിട്ട ചങ്ങലയോ ഇല്ല. മനസ്സിനുള്ളില്‍ കുടിയേറിയ കാര്‍മേഘങ്ങളോ ഇല്ലാതെ സ്വസ്ഥമായി നാട്ടിലേക്ക്, ജനിക്കാനിരുന്ന കുഞ്ഞിനെ കുറിച്ചുള്ള നല്ല പ്രതിക്ഷകള്‍ മാത്രം.

ജീവിതം അങ്ങനെയാണ്. നാളെ എന്ത് നടക്കും എന്ന് എനിക്കറിയില്ല എന്ന് ഒറ്റവാക്കില്‍ പറയുന്ന നേരത്തും നാം ശരിക്കും വിശ്വസിക്കുന്നു. ഇന്ന രീതിയിലാണ് എല്ലാം നടക്കുക എന്ന്. ഒരു ശുഭാപ്ത്തി വിശ്വാസം മാത്രം അല്ല അത്. ഞാനത് വിചാരിച്ച രീതിയിലേ പോകൂ എന്ന ഒരു അഹങ്കാരം.

ആ അഹങ്കാരം എനിക്കും ഉണ്ടായിരുന്നു..ഞാന്‍ വിചാരിച്ച (പ്രാക്റ്റികലായി ചിന്തിക്കുക എന്ന് പറയുന്ന സ്വാര്‍ത്ഥത) രീതിയില്‍ എല്ലാം നടന്നിരുന്നെങ്കില്‍ എനിക്ക് കല്യാണ പ്രായമാകുന്നില്ല. നാട്ടിലേക്കുള്ള ആദ്യ പോക്കായിരിക്കണമായിരുന്നു ഇത്. ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിന്റെ ഉപ്പയാകാന്‍ പോകുന്നു.(ഇ.അ). രണ്ടാമത്തെ പോക്കും. ആദ്യ പോക്കില്‍ എയര്‍പോര്‍ട്ട് വരെ വിലങ്ങും ചങ്ങലയും പിന്നെ കാക്കിക്കാരും ഉണ്ടായിരുന്നു എന്ന് മാത്രം. അവരുടെ ജയിലില്‍ നിന്നും. ഇപ്രാവശ്യം അവര്‍ ആരും ഉണ്ടാവില്ല. ഇക്കയും ഇത്തയും മാത്രം. അവരുടെ റൂമില്‍ നിന്നും.

ജേഷ്ടമാരുടെ മക്കള്‍ ഇംഗ്ലീഷില്‍ കരയുമ്പോള്‍ എന്റെ മക്കള്‍ മലയാളത്തില്‍ കരയേണ്ടി വരുമല്ലോ എന്ന രീതിയിലുള്ള ചിന്ത മാത്രമായിരിക്കാം എന്നെ ഗള്‍ഫിന്റെ ഈ കെട്ട് പൊട്ടിക്കാന്‍ കഴിയാത്ത വലയില്‍ എത്തിച്ചത്. ഞാന്‍ ആ നേരത്തും എങ്ങനെയോ ഇടതു ചിന്തയുമായി നടന്നിരുന്നു. ഒരിക്കലും അതൊന്നും ഒരു ജീവിത നിലവാരമായി ഞാന്‍ കണ്ടിരുന്നില്ല. “എന്നാലും” ആ എന്നാലുമാണ് പ്രശ്നം. എല്ലാവരേയും കുഴക്കുന്ന പ്രശ്നം.


ആ എന്നാലും ഇന്നും കയ്യില്‍ വെച്ച് കുറച്ച് ദിവസത്തേക്ക് ഞാനും നാട്ടിലെത്തുന്നു.

Tuesday, June 24, 2008

ചുവര്‍ചിത്രങ്ങള്‍ക്കുപോലും പിടികൊടുക്കാത്ത വിപ്ലവകാരി, മില്‍ട്ടന്‍ നൈനാന്‍

മാധ്യമം ആഴ്ച്ചപതിപ്പില്‍ വായിച്ച ഒരു ലേഖനം
http://madhyamamonline.in/featurestory.asp?fid=27&iid=585&hid=182&page=46പെഡ്രോ അന്റോനിയോ മാരിന്‍ എന്ന് പറഞ്ഞാല്‍ ആരുമറിയില്ല. മാനുവെല്‍ മരുലാന്‍ഡോ എന്നാക്കിയാല്‍ ആളെ പലരുമറിയും. ലാറ്റിനമേരിക്കയിലെ മര്‍ദിതര്‍ക്കും ദരിദ്രര്‍ക്കും പക്ഷേ, ഈ മനുഷ്യന്‍ ആവേശവും പ്രത്യാശയുമായ പ്രിയപ്പെട്ട റ്റൈറോ ഫിജോയാണ്. ഉറപ്പുള്ള വെടി എന്നര്‍ഥം. പടിഞ്ഞാറന്‍ കൊളംബിയയിലെ ഒരു ദരിദ്ര കര്‍ഷക കുടുംബത്തില്‍ പിറന്ന് നമ്മളറിയുന്ന വിപ്ലവകാരികളുടെ ചുവര്‍ചിത്ര ബിംബങ്ങളെക്കാളൊക്കെ സാര്‍ഥകമായ പോരാട്ട ജീവിതം നയിച്ച് ആര്‍ക്കും ഒന്നിനും കീഴടങ്ങാത്ത അപൂര്‍വ ജന്മം. അതിനാണ് 78ാം വയസ്സില്‍ ഹൃദയസ്തംഭനത്തിന്റെ രൂപത്തില്‍ ഇപ്പോള്‍ വിരാമമായിരിക്കുന്നത്.
ചെ ഗുവേര എന്നൊക്കെ സ്ഥാനത്തും അസ്ഥാനത്തും വിപ്ലവ പ്രതീകങ്ങളെ പ്രതിഷ്ഠിക്കുന്ന ശീലമുള്ളവര്‍ മാറിനില്‍ക്കുക. ഇത് ആളും അര്‍ഥവും വേറെ. റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ പീപ്പിള്‍സ് ആര്‍മി (എഫ്.എ.ആര്‍.സി)യുടെ 'നേതാവ്' എന്ന് മരുലാന്‍ഡോയെ ഔപചാരികമായി വിശേഷിപ്പിക്കാം. എന്നാല്‍, നേതാവ് എന്ന ഔപചാരിക നിര്‍വചനങ്ങളൊന്നും അദ്ദേഹത്തിന് ചേരില്ല. അതും നീണ്ട 60 കൊല്ലം വിവിധ കര്‍ഷക പ്രസ്ഥാനങ്ങളും ഗ്രാമീണ സമുദായങ്ങളും സംഘടിപ്പിച്ച് ലാറ്റിനമേരിക്കാ ചരിത്രത്തിലെ ഏറ്റവും വലിയ ബദല്‍ധാരയായി നിലകൊണ്ട ഒരാള്‍ക്ക്! നിയമാനുസൃതമായ എല്ലാ ജനായത്ത മാര്‍ഗങ്ങളും നിഷ്ഠുരമായി കൊട്ടിയടച്ച്, യു.എസ് സാമ്രാജ്യത്വത്തിന്റെ കോടിക്കണക്കിന് പണവും പടയും പ്രാദേശിക ഭരണകൂടങ്ങളും ഇപ്പറഞ്ഞ 60 കൊല്ലവും ഈ ഒറ്റയാളിനുവേണ്ടി നടത്തിയ സംഘടിത നീക്കങ്ങളൊക്കെ നിരാലംബരായ ദരിദ്രഗ്രാമീണരുടെ മാത്രം പിന്‍ബലത്തില്‍ മരുലാന്‍ഡോ തകര്‍ത്തു. ചാരുകസേര വിപ്ലവകാരികള്‍ക്കും റാഡിക്കല്‍ ബുദ്ധിജീവികള്‍ക്കും വേണ്ടി മഷിയൊഴുക്കുന്ന മാധ്യമങ്ങള്‍ക്കും മരുലാന്‍ഡോ പിടികൊടുത്തില്ല. തലമുറകള്‍ ഒരപൂര്‍വ ലെജന്‍ഡായി അതിനെ കാത്തുസൂക്ഷിച്ചു; സൂക്ഷിക്കുന്നു.
മരുലാന്‍ഡോയുടെ നേട്ടങ്ങള്‍ സവിശേഷമാകുന്നത് അദ്ദേഹത്തിന്റെ പ്രത്യേക സാഹചര്യത്തിലെ തനതു സംഘടനാ പാടവവും ആയിരം മടങ്ങ് ശക്തിയുള്ള ശത്രു നിരക്കുമുന്നിലെ തന്ത്രസൂക്ഷ്മതയും കൊണ്ടുമാത്രമല്ല, ജനകീയ പ്രശ്നങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത തത്ത്വാധിഷ്ഠിത നിലപാടുകള്‍ കൊണ്ടുകൂടിയാണ്. ദരിദ്ര ഗ്രാമീണരുടെയും ഭൂരഹിതരുടെയും അധഃസ്ഥിതരുടെയും മൂന്നു തലമുറകളുമായുള്ള ഉറ്റബന്ധമാണ് അദ്ദേഹത്തെ ശരിയായ അര്‍ഥത്തിലുള്ള ജനകീയനാക്കിയത്. മരുലാന്‍ഡോ എന്ന പേര് അദ്ദേഹത്തില്‍ അവരോധിക്കപ്പെടുന്നതുതന്നെ കൊളംബിയയിലെ പഴയ ജനകീയ നേതാവ് എലിസിന്‍ ഗയ്താന്റെ ചരിത്രസ്മൃതിയില്‍നിന്നാണ്. ലിബറല്‍ പാര്‍ട്ടി നേതാവായിരുന്ന ഗയ്താന്‍ 1948ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി നില്‍ക്കെ ഭരണകൂടത്താല്‍ കൊലചെയ്യപ്പെട്ടു. അക്കാലത്ത് ആ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു മരുലാന്‍ഡോയുടെ കുടുംബം. ലിബറല്‍ പാര്‍ട്ടി എന്ന പ്രതിയോഗിയെ ഉന്മൂലനം ചെയ്യേണ്ടത് അമേരിക്കയുടെയും അവരുടെ ഒത്താശക്കാരനായ കൊളംബിയന്‍ പ്രസിഡന്റ് മരിയാനോ പെരെസിന്റെയും ആവശ്യമായിരുന്നു. ഓപറേഷന്‍ പാന്റമൈം എന്ന ആ പരിപാടി സഫലമായതോടെ കൊളംബിയയില്‍ കര്‍ഷക കലാപം പൊട്ടിപ്പുറപ്പെട്ടു. അന്ന് 24 കര്‍ഷകരെ സംഘടിപ്പിച്ച് യുവ മരുലാന്‍ഡോ തുടങ്ങിയതാണ് എഫ്.എ.ആര്‍.സി എന്ന ചെറുത്തുനില്‍പുസംഘം. അമേരിക്കന്‍ ആക്രമണത്താല്‍ ഗ്രാമങ്ങള്‍ നഷ്ടപ്പെട്ടവരെ അണിചേര്‍ത്ത് അത് വെനിസ്വേല^ഇക്വഡോര്‍^കൊളംബിയ ബെല്‍റ്റിലെ വമ്പന്‍ ഗറില്ലാ പ്രസ്ഥാനമായി വളര്‍ന്നു.
മരുലാന്‍ഡോയുടെ പ്രാഥമികായുധം അധ്യാപനമായിരുന്നു. തനതു പ്രാദേശിക രീതിയില്‍ അദ്ദേഹം ഗ്രാമീണരെ പഠിപ്പിച്ചുകൊണ്ടേയിരുന്നു. അവരുടെ ഭാഷയും പ്രശ്നങ്ങളും പോംവഴികളുംമാത്രം മുഖേന. അതുവെച്ചുണ്ടാക്കിയ തന്ത്രങ്ങള്‍ തന്നെയാണ് അദ്ദേഹം പ്രതിയോഗികള്‍ക്കുനേരേ അവലംബിച്ചതും. ഏഴു ബില്യണ്‍ ഡോളറാണ് 1964^2008 കാലയളവില്‍ ഈ ഒരു മനുഷ്യനെ പിടിക്കാന്‍ അമേരിക്ക ചെലവിട്ടതെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസക്തി വ്യക്തമാവും. യു.എസ് പടയുടെ നേരിട്ടുള്ള എട്ട് ആക്രമണങ്ങള്‍, രണ്ടര ലക്ഷംവരുന്ന കൊളംബിയന്‍ സേന, അവിടത്തെ ഭീകരന്മാരായ പാരാമിലിട്ടറി ഡത്ത് സ്ക്വാഡ്... ഒന്നും ഈ ഗ്രാമീണപ്പോരാളിയെ വീഴ്ത്തിയില്ല.
ക്യൂബയും നിക്കരാഗ്വെയും പോലെ വിദേശ സഹായത്തോടെയോ ലോകാഭിമത പിന്തുണയോടെയോ അല്ല മരുലാന്‍ഡോ തന്റെ പ്രസ്ഥാനത്തെ വളര്‍ത്തിയതും പിടിച്ചുനിന്നതും. ഒരൊറ്റ രാഷ്ട്രത്തിന്റെയോ എന്‍.ജി.ഒയുടെയോ പോലും സഹായം അദ്ദേഹം സ്വീകരിച്ചില്ല. സ്വന്തം രാജ്യത്ത് അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത് ബറ്റിസ്റ്റയുടെയോ സൊമോസോയുടെയോ അഴിമതിക്കാരായ ആഭ്യന്തര സൈന്യത്തെയായിരുന്നില്ല, സുശിക്ഷിതമായ പടയെയായിരുന്നു. എന്നിട്ടും പല പോസ്റ്റര്‍ ബോയ് വിപ്ലവകാരികളെപോലെയായിരുന്നില്ല മരുലാന്‍ഡോ. അദ്ദേഹം മരണംവരെ പുറംലോകത്തിനും പ്രതിയോഗികള്‍ക്കും പാടേ അജ്ഞാതനായിരുന്നു. മാധ്യമങ്ങള്‍ക്ക് രഹസ്യ അഭിമുഖങ്ങള്‍ കൊടുത്തില്ല. ഐക്യരാഷ്ട്ര സഭയോടോ വിദേശങ്ങളിലെ അനുതാപക്കാരോടോ കെഞ്ചിയില്ല.
പകരം, കൊളംബിയയിലെ ക്ലേശകരങ്ങളായ മലകളും താഴ്വരകളുമുടനീളം ഒളിവില്‍ത്തന്നെ സഞ്ചരിച്ച് ജനങ്ങളെ പഠിപ്പിച്ചും സ്വയം പഠിച്ചും സാമൂഹിക നീതിക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ചുകൊണ്ടിരുന്നു. തലസ്ഥാനമായ ബൊഗോട്ടയില്‍ ഒരുവട്ടംപോലും പോയില്ല. ഓരോയിടത്തും പ്രാദേശിക നേതൃത്വങ്ങളെ സൃഷ്ടിച്ചും അവക്ക് സ്വയം നിര്‍ണയാവകാശം കൊടുത്തും അദ്ദേഹം പുതിയ ഇടങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്നു. തീരദേശക്കാരായ ആഫ്രോ^കൊളംബിയന്മാര്‍ക്ക് അവരുടെ നേതൃത്വം. മലകളിലെയും വനങ്ങളിലെയും ഇന്‍ഡോ^കൊളംബിയന്മാര്‍ക്ക് അവരുടേത്. താഴ്വാരങ്ങളിലെ കര്‍ഷകര്‍ക്ക് അവരുടേത്. ഈ യാത്രക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ലാറ്റിനമേരിക്കയില്‍ പൊതുവേ പല ഗറില്ലാ പ്രസ്ഥാനങ്ങള്‍ ഇതിനിടെ വരുന്നുണ്ടായിരുന്നു, അസ്തമിക്കുന്നുമുണ്ടായിരുന്നു. ഒന്നുകില്‍ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കുചേര്‍ന്ന് മുനയും മുഖവും പോകും. പിന്നീട് ഇല്ലാത്ത ജനകീയ സേനയുടെ പേരില്‍ കടലാസുവിപ്ലവം നടത്തും. അല്ലെങ്കില്‍ പടിഞ്ഞാറന്‍ സോഷ്യലിസ്റ്റാഖ്യാനങ്ങള്‍ കടമെടുത്ത് അപ്രായോഗികമായി തീരും. പലരും ഒറ്റപ്പെടുകയോ മഹാന്‍പട്ടം കിട്ടി മറയുകയോ ചെയ്തുകൊണ്ടിരുന്നു^ കൊളംബിയയിലെ പ്രശ്നങ്ങള്‍ക്കോ ജനസ്ഥിതിക്കോ മാറ്റമില്ല. മരുലാന്‍ഡോ ഈ വഴികളിലൊന്നും വീണില്ല. ബൊഗോട്ടോ^വാഷിംഗ്ടണ്‍ അച്ചുതണ്ടിനെതിരെ അധ്യാപനംകൊണ്ടും ആയുധംകൊണ്ടും പോരാടിക്കൊണ്ടിരുന്നു. ഒരിക്കലും സ്വയമൊരു വിഗ്രഹമായിക്കൊടുത്തില്ല.
1980കളില്‍ പ്രതിയോഗികള്‍ പുതിയ തന്ത്രമെടുത്തു. ആയുധം ഉപേക്ഷിക്കാന്‍ സമാധാനക്കരാര്‍. മരുലാന്‍ഡോയുടെ വേണ്ടപ്പെട്ടവര്‍ പലരും ഈ ആശയത്തില്‍ വിശ്വസിച്ച് ചര്‍ച്ചക്കുപോയി. അവര്‍ ചേര്‍ന്ന് പേട്രിയോട്ടിക് യൂനിയന്‍ എന്ന പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. അവരുടെ പുതിയ ആവശ്യത്തോടും മരുലാന്‍ഡോ വിയോജിച്ചില്ല. പക്ഷേ, സ്വന്തംനിലക്ക് ആയുധം ഉപേക്ഷിക്കുകയോ ഇപ്പറഞ്ഞ 'സമാധാനക്കരാറി'നെ വിശ്വസിക്കുകയോ ചെയ്തില്ല. പേട്രിയോട്ടിക് യൂനിയന്‍ സ്ഥാനാര്‍ഥികള്‍ പലരും വോട്ടെടുപ്പില്‍ ജയിച്ചു. സെനറ്റര്‍മാരും മേയര്‍മാരുമായി. അവരുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധങ്ങള്‍ക്കുമുന്നില്‍ മരുലാന്‍ഡോ പറഞ്ഞതിത്രമാത്രം^ ''കാതലായ മാറ്റത്തിന് അത്യാവശ്യമായിരിക്കുന്നത് ഭൂപരിഷ്കരണമാണ്. അത് കൊളംബിയന്‍ ഭരണവര്‍ഗം ഒരിക്കലും സമ്മതിക്കില്ല. കുറേയധികം നിരക്ഷരരും ദരിദ്രരും പാര്‍ലമെന്റിലെത്തി എന്നതുകൊണ്ടുമാത്രം ഭരണവര്‍ഗം മാറ്റം അനുവദിക്കാന്‍ പോകുന്നില്ല, അവര്‍ നിങ്ങളെ മാറ്റിയെടുക്കുകയോ ഇല്ലാതാക്കുകയോ മാത്രമേ ചെയ്യൂ.''
ആ വാക്കുകള്‍ അറംപറ്റി. 1987ല്‍ പേട്രിയോട്ടിക് യൂനിയന്റെ അയ്യായിരത്തില്‍പരം അംഗങ്ങള്‍ കശാപ്പുചെയ്യപ്പെട്ടു^ 12 എം.പിമാരും മൂന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥികളുമടക്കം. രക്ഷപ്പെട്ടവര്‍ കാടുകളിലേക്കും മലനിരകളിലേക്കും പലായനം ചെയ്തു. വീണ്ടും മരുലാന്‍ഡോയിലേക്ക്. ആഭ്യന്തര യുദ്ധം മുറുകിയപ്പോള്‍ മരുലാന്‍ഡോക്ക് നേരിട്ടായി ഭരണകൂട വാഗ്ദാനം^ ആയുധംവെച്ചാല്‍ ജനസഭയില്‍ പ്രാമുഖ്യം നല്‍കാമെന്ന്. കൊട്ടിഘോഷിക്കപ്പെടുന്ന പല ഗറില്ലാ പ്രസ്ഥാനക്കാരുടെയും വഴിയല്ല മരുലാന്‍ഡോ സ്വീകരിച്ചത്. അദ്ദേഹം ചില ഉപാധികള്‍വെച്ചു. രാജ്യവ്യാപകമായി ഭൂപരിഷ്കരണം നടത്തുക, ഡത്ത് സ്ക്വാഡുകള്‍ പിരിച്ചുവിടുക, കൂട്ടക്കൊലകള്‍ നടത്തിപ്പോന്ന എല്ലാ പട്ടാള ജനറല്‍മാരെയും സൈന്യത്തില്‍നിന്ന് പുറത്താക്കുക, പൊതുമേഖലക്ക് പ്രാമുഖ്യമുള്ള മിശ്ര സാമ്പത്തിക നയം പ്രഖ്യാപിക്കുക, കൊക്കോക്കു പകരം ധാന്യവിത്തുകള്‍ കൃഷിചെയ്യാന്‍ വേണ്ട വന്‍കിട ധനസഹായം കര്‍ഷകര്‍ക്ക് കൊടുക്കുക... ഇതിനെല്ലാം വേണ്ടി രാജ്യവ്യാപകമായി ജനകീയ സംവാദം നടത്തണം. ഇരുപക്ഷവും നിരായുധീകരണം നടത്തണം. സാമ്പത്തിക ഘടനയില്‍ മാറ്റംവരുത്തണം^ ഇതൊക്കെയാണ് തന്നെ 'മിലിട്ടറിസ്റ്റ്' എന്നാരോപിച്ച ലാറ്റിനമേരിക്കന്‍ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കും ഇടതുപക്ഷക്കാര്‍ക്കുമെതിരെ (ഭരണവര്‍ഗത്തോട് സന്ധിചെയ്തവര്‍) അദ്ദേഹം വെച്ച ഉപാധികള്‍. അതുകേട്ടയുടന്‍ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റന് ഹിസ്റ്റീരിയയായി. വൈറ്റ്ഹൌസ് ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിച്ചു^ 'പ്ലാന്‍ കൊളംബിയ'. രണ്ട് ബില്യന്‍ ഡോളര്‍ മുടക്കിയുള്ള രഹസ്യ യുദ്ധം. മറുവശത്ത് ഗറില്ലാപ്പോരാളികളെ വിലയ്ക്കുവാങ്ങാനുള്ള 'സമാധാന' കാര്‍ഡുമിറക്കി. പ്ലാന്‍ കൊളംബിയയുടെ കൂറ്റന്‍ ഫണ്ട് കിട്ടിത്തുടങ്ങിയ നിമിഷം സമാധാനവാചകമടി ഉപേക്ഷിച്ച് പ്രസിഡന്റ് പസ്ട്രാന പരസ്യമായി പടയിറക്കി^ നിരായുധീകരണ പ്രവിശ്യയിലേക്ക്. എഫ്.എ.ആര്‍.സിയുടെ സെക്രട്ടേറിയറ്റ് പിടിക്കുകയായിരുന്നു ലക്ഷ്യം. മരുലാന്‍ഡോയുടെ തലക്ക് 50 ലക്ഷം ഡോളറും പ്രഖ്യാപിച്ചു.
2002^2008 കാലഘട്ടം പൊരിഞ്ഞ പോരാട്ടത്തിന്റേതായിരുന്നു. ആക്രമിക്കുക, തന്ത്രപരമായി പിന്മാറുക, വീണ്ടും തിരിച്ചുവരുക ഇതായി 15,000 ഗറില്ലാപ്പടയാളികള്‍ മാത്രമുള്ള മരുലാന്‍ഡോയുടെ ശൈലി. കാരണം, നേരിടേണ്ടിയിരുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ യു.എസ് യുദ്ധഫണ്ടിംഗിനെയും ഉന്നത സാങ്കേതികത്വത്തെയും മയക്കുമരുന്നു ലോബിയുടെയും അമേരിക്കയുടെയും പങ്കാളിയായ കൊളംബിയന്‍ പ്രസിഡന്റ് യുറൈബിന്റെ ശക്തമായ സൈന്യത്തെയുമായിരുന്നു. ഡത്ത് സ്ക്വാഡുകളുടെ പീഡനമുറകള്‍ക്കും മാധ്യമ കാപട്യങ്ങള്‍ക്കും ഉത്തരാധുനികന്മാരുടെ ലിബറല്‍ ഹിപ്പോക്രസിക്കും വാഴ്ത്താനോ വീഴ്ത്താനോ പിടികൊടുക്കാതെ. ഒടുവില്‍ തന്റെ പ്രിയപ്പെട്ട കര്‍ഷക സഖാക്കളുടെ മടിയില്‍ വീണ് കണ്ണടയ്ക്കുമ്പോള്‍ ഇനിയും സത്യസന്ധമായി എഴുതപ്പെടാത്ത ധീര സാഹസികവും ഹൃദയംഗമവുമായ മനുഷ്യ വിമോചനയത്നത്തിന്റെ സാര്‍ഥകമായ ഒരു ജീവചരിത്രമാണ് മാനുവെല്‍ മരുലാന്‍ഡോ (1930^2008) ശേഷിപ്പിച്ചത്.